നാടകാന്തം കവിത്വം എന്നാണ് ചൊല്ലെങ്കിലും, ഈ ബ്ലോഗിനെ സംബന്ധിച്ചിടത്തോളം തുടക്കം നാടകവിചാരത്തോടെ ആകാമെന്നു വിചാരിക്കുന്നു. വാസ്തവത്തിൽ ഇത്തരം വിചാരങ്ങൾ പങ്കുവയ്ക്കാൻ, പ്രസിദ്ധീകരിക്കാൻ, മലയാള പത്ര-മാസികാദി മാധ്യമരംഗത്ത് ഒരു ഇടവും ലഭ്യമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ബ്ലോഗിന്റെ പിറവി തന്നെ സംജാതമായിരിക്കുന്നത്.
◙
കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിൽ പ്രത്യേകതകളുള്ള രണ്ട് നാടകാവതരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു. രണ്ട് നാടകങ്ങളും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതായിരുന്നു. ഒന്ന്, അവർ 2009-ൽ നാടു നീളെ അവതരിപ്പിച്ചു നടന്ന ഗലീലിയോയുടെ പുനരവതരണം. തൃശ്ശൂര് അഖിലേന്ത്യാ ജനകീയ ശാസ്ത്ര സമ്മേളന വേദിയിൽ. മറ്റൊന്ന്, അവരുടെ ഇക്കൊല്ലത്തെ നാടകയാത്രയിലെ പെൺ പിറവി നാടകം.
പരിഷത് ഒരു നാടക കമ്പനി അല്ല. അമച്വർ നാടകവേദിയും അവരുടെ പ്രവർത്തന രംഗമല്ല. അവരുടെ മണ്ഡലം പ്രചരണ നാടകങ്ങളുടേതാണ്. എന്നിട്ടും നാടകങ്ങളെന്ന നിലയിൽ തന്നെ ശ്രദ്ധേയമായിരുന്നു അവ രണ്ടും.
◙
ആദ്യം ‘ഗലീലിയോ’ നാടകത്തെ പറ്റി പറയാം. 2009 അന്താരാഷ്ട്രസമൂഹം ശാസ്ത്ര വർഷമായാണ് ആചരിച്ചത്. നിരവധി ചരിത്ര സന്ദർഭങ്ങളുടെ വാർഷികങ്ങൾ ഒരുമിക്കുന്ന വർഷം എന്നത് അതിന് നിമിത്തമായി. ടെലസ്‌കോപ്പ് ഉപയോഗിച്ച് ഗലീലിയോ നടത്തിയ ആദ്യ ചാന്ദ്രോപരിതല നിരീക്ഷണത്തിന്റെ നാന്നൂറാം വാർഷികം എന്ന സന്ദർഭം അതിലൊന്നായിരുന്നു. ചന്ദ്രപ്രതലം ആദ്യം അടുത്ത് കണ്ടറിഞ്ഞ്, അതു സംബന്ധിച്ച സാമാന്യധാരണകളെ പൊളിച്ചെഴുതിയ ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഇന്ന് ചന്ദ്രൻ നമുക്ക് അയൽഗ്രാമം പോലെ പ്രാപ്യമായിട്ടുണ്ടെങ്കിലും 400 വർഷം മുമ്പ് സ്ഥിതി വ്യത്യസ്തമായിരുന്നല്ലോ. ആ സംഭവത്തിന്റെ നാന്നൂറാം വാർഷിക പരിപാടികളിൽ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം അണി ചേരുന്നതിന്റെ ഭാഗമായാണ് ശാസ്ത്രസാഹിത്യ പരിഷത് ഗലീലിയോയുടെ ജീവിതമെന്ന ഈയൊരു നാടകം അവതരിപ്പിച്ചത്. 'ഒരു' നാടകം എന്നു പറയുന്നത് ശരിയല്ല. ഒരു നാടകത്തിന്റെ മൂന്നു പതിപ്പുകൾ എന്നു വേണം പറയാൻ- ഒരു പതിപ്പ് തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലും, മറ്റൊന്ന് ഇടിക്കി മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും, മൂന്നാമതൊന്ന് മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും 2009 നവംബർ - ഡിസംബർ മാസങ്ങളിൽ അവതരണങ്ങൾ നടത്തി. ദിവസം രണ്ട് വേദികളെന്ന തോതിൽ ഒരു പതിപ്പിന് മാത്രം ആകെ 61 വേദികളും നാടകത്തിന് ആകെ 183 അവതരണങ്ങളും ആണ് ഉണ്ടായിരുന്നത്. ഒരു പക്ഷേ നീണ്ട കാലത്തെ കലാജാഥാ അനുഭവങ്ങളുടെയും സുസംഘടിതമായ സംഘടനാശൃംഖലയുടേയും അടിസ്ഥാനത്തിൽ പരിഷത്തിനു മാത്രം സാദ്ധ്യമായ യജ്ഞം. ഏതു നിലയ്ക്കും 2009 ൽ കേരളം കണ്ട ഏറ്റവും വിപുലവും പ്രധാനപ്പെട്ടതുമായ സാംസ്‌കാരിക പ്രവർത്തനം. കേരളത്തിലെ പ്രമുഖ പത്ര മാസികാദികളിൽ വന്ന ഈ വിലയിരുത്തലുകൾ നോക്കുക.
1.“ചിന്തയെ ചൊടിപ്പിക്കുന്ന ഗൗരവമായ നാടകങ്ങൾ നന്നായി ആസ്വദിക്കുവാൻ കേരളീയ സമൂഹത്തിനു കഴിയുമെന്ന് ഈ രംഗാവതരണം തെളിയിക്കുന്നു. ശാസ്ത്ര വർഷത്തിൽ പരിഷത്തിന് ചെയ്യാവുന്ന ഏറ്റവും ഭാവനാപൂർണ്ണവും സഫലവുമായ ശാസ്ത്രപ്രവർത്തനമാണ് ഗലീലിയോയുടെ രംഗാവതരണം” (ഡോ.. കെ. ജി.പൗലോസ്, ദേശാഭിമാനി വാരാന്തപ്പതിപ്പ്, 2009 നവംബർ )
2.“…….ഗലീലിയോ നാടകം അവതരിപ്പിക്കാനുള്ള തീരുമാനം തന്നെ ഒരു വിപ്‌ളവകരമായ ബോധത്തിന്റെ ഭാഗമാണ്. ബർതോൾഡ് ബ്രഹ്ത്തിന്റെ നാടകത്തിന്റെ സ്വതന്ത്രമായ വ്യാഖ്യാനമാണ് പരിഷത്ത് നിർവഹിക്കുന്നത്…….ഇത്തരം അവതരണങ്ങൾ നമ്മൾ പ്രോത്സാഹിപ്പിക്കണം” (കുരീപ്പുഴ ശ്രീകുമാർ:: പ്രിജിത് രാജുമായി അഭിമുഖം- മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ജനുവരി 3-9)
3.“ബിൻ ലാദന്റെ 'ജിഹാദി'നു പകരമായി 'കുരിശുയുദ്ധം' എന്ന …..പദം ആദ്യം പ്രയോഗിച്ചത് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ആണ്. എന്നാൽ ഇങ്ങ് കൊച്ചു കേരളത്തിൽ…………ഒരു കൊച്ചു കുരിശുയുദ്ധം നിശ്ശബ്ദമായി അരങ്ങേറുന്നു. ശാസ്ത്രസാഹിത്യ പരിഷത് അവതരിപ്പിക്കുന്ന 'ഗലീലിയോ' നാടകത്തിനെതിരെയാണ് ഈ അങ്കം”.(പി. കെ. ശ്രീകുമാർ, 'ട്രൂ കോപ്പി', മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ജനുവരി 10-16)
4.“………ശക്തമായ ഉണർച്ചകൾ അമെച്വർ നാടകവേദിയിൽ പോയവർഷം ദർശിക്കാനായത്. അക്കൂട്ടിൽ താരശോഭയോടെ ജ്വലിച്ചുനിൽക്കുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 'ഗലീലിയോ' തന്നെ.ബർതോൾഡ് ബ്രഹ്റ്റിന്റെ കൃതിയുടെ സ്വതന്ത്ര പുനരാഖ്യാനമായ ഈ നാടകം പ്രഫ. പി.ഗംഗാധരന്റെ സംവിധാനത്തില്‍ മൂന്നു സംഘങ്ങള്‍ ഒരു മാസക്കാലം കേരളത്തിലുടനീളം 180ല്‍പരം വേദികളില്‍ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു.”(വാരാദ്യമാധ്യമം; 2010ജനുവരി 3)
5.“നാടകം മരിക്കുന്നില്ല; മറിച്ചുള്ള കുപ്രചരണങ്ങള്‍ക്കുള്ള ചുട്ട മറുപടിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 'ഗലീലിയോ' നാടകയാത്ര 09ന് കേരളത്തിലുടനീളം ലഭിച്ചു കൊണ്ടിരിക്കുന്ന നിറഞ്ഞ സദസ്സും കയ്യടികളും” ('എന്കിലും ഭൂമി കറങ്ങിക്കൊയേിരിക്കും'-കെ.ബാബുരാജന്‍, കേളി: 2009 ജൂണ്‍-ജൂലായ്)
6.“…ഗലീലിയോ നാടകം പരിഷത്തിന്റെ കാലോചിതമായ ഇടപെടലാണ്.” (യു.കലാനാഥന്‍: പി.കെ ശ്യാം കൃഷ്ണനുമായി അഭിമുഖം: മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ഫിബ്രവരി 28-മാര്‍ച്ച് 6)
ഇതിനു പുറമേ നിരവധി ബ്‌ളോഗുകളിലും കാണാം സമാന രീതികളിലുള്ള അഭിപ്രായ പ്രകടനങ്ങൾ.
1.Sajitha Madathil, Director and Theatre Activist
Its was a wonderful experience to watch the Play Galileo by KSSP...I recommend all of you to pls add this play in Dont Miss It list!!!! As a theatre person I know that its very difficult to present a play professionally with armature KSSP artist. But surprisingly through out the stage performance you can see how seriously they deal the stage! As an old KSSP kala jatha member I consider it as a big move from KSSP to deal the art professionally for a cause. That's what I was really expecting or fighting with KSSP for last 20years!!!
2. V R Raman of BGVS Chattisgarh
I was at Thiruvananthapuram and the Galileo experience made this evening really great. Such wonderful presentation, stitched in very well with the contemporary Kerala social environment. Kudos to KSSP, the actors and the entire team behind this great job!!
I would say that, and Sajan also did vouch (while our brief meeting after the play), it will be a real loss if you miss this out. Fabulous combination of craft, costume, choreography, music (especially the rich use folk music), properties, cast, dialogue, presentation, direction: every aspect of the play was rejuvenating.
You may kindly see this play and to publicize this to the widest. Good reviews need to come as well, so that maximum people shall know about this and watch this at their nearest location
ആശയപ്രചരണത്തിന് കലയെ ഉപയോഗിക്കുകയെന്ന കലയിൽ/ശാസ്ത്രത്തിൽ അഗ്രഗണ്യരാണ് പരിഷത്. അവരോളം ഫലപ്രദമായി അത് ചെയ്തവരാരും തന്നെയില്ല എന്നതിനാൽ പരിഷത് ഇത്തരത്തില്‍ അഭിജ്ഞശ്രദ്ധ പിടിച്ചു പറ്റിയ ഒരു നാടകം അവതരിപ്പിച്ചു എന്നതിൽ പുതുമയേതുമില്ല. അതേ സമയം എല്ലാ വിഭാഗം ജനങ്ങളും ഉൾപ്പെടുന്ന, ഒരു പോലെ നിറഞ്ഞ സദസ്സുകൾക്കു മുന്നിലായിരുന്നു, എല്ലാ അവതരണങ്ങളും. വിദ്യാസമ്പന്നരായവരും സാധാരണ ഗ്രാമീണരും ഒരു പോലെ നാടകം കണ്ടിരുന്നു. ഒട്ടും ജനപ്രിയമായിരുന്നില്ല നാടകേതിവൃത്തം എന്ന് തീർത്ത് പറയാം.. വൈയക്തിക പ്രശ്‌നങ്ങളോ സാധാരണക്കാരന് താദാത്മ്യം പ്രാപിക്കാനാവുന്ന തരത്തിലുള്ള നിത്യജീവിത കഥാ മുഹൂർത്തങ്ങളോ സംഘർഷങ്ങളോ അതിലുൾപ്പെട്ടിരുന്നില്ല. പ്രണയവും ഫലിതവും തൊട്ടു തീണ്ടിയിരുന്നില്ല. സാധാരണ കമ്പനി നാടകങ്ങളുടെ മസാലക്കൂട്ടുകളും ഉണ്ടായിരുന്നില്ല. എന്നിട്ടും അതിലെ നിലപാടുകളുടേയും, ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള തർക്കങ്ങളുടേയും, ഒപ്പം പ്രേക്ഷകരുടെ സഹൃദയത്വം സഞ്ചരിച്ചു- ഒരു പക്ഷേ പരിഷത് പോലും പ്രതീക്ഷിക്കാത്ത തരത്തിൽ…..'നാടകം നാടുനീങ്ങിയ' ഇത്തരമൊരു കാലത്ത് രണ്ട് മണിക്കൂർ ദൈര്‍ഘ്യമുള്ള ഒരു നാടകം ആളുകൾ ഇരുന്നു കാണുക എന്നത് നാടകസ്‌നേഹികളെ സംബന്ധിച്ചിടത്തോളവും ആവേശകരമായ ഒരു അനുഭവമായിരുന്നു-അതും ഒരു ജീവചരിത്ര നാടകം; ഒരു ശാസ്ത്രജ്ഞന്റെ ജീവിതം പറയുന്ന നാടകം; അതുകൊണ്ട് ഒരർത്ഥത്തിൽ ഒരു ശാസ്ത്രനാടകം; അതേ സമയം ഒരു ചരിത്ര നാടകവും;
ബ്രഹ്ത്തിന്റെ ഒരു ക്‌ളാസ്സിക് നാടകമാണ് 'ദ ലൈഫ് ഓഫ് ഗലീലിയോ'. ലോക നാടകവേദികളിൽ തന്നെ വളരെ അപൂർവമായ അവതരണങ്ങൾ മാത്രമേ ഈ നാടകത്തിന് ഉണ്ടായിട്ടുളളു. ഇന്ത്യയിലാകട്ടേ, ചില തീയേററർവർക്ക്‌ഷോപ്പുകളിലോ നാടകപാഠശാലകളിലോ (സ്‌കൂൾ ഓഫ് ഡ്രാമ, തൃശ്ശൂർ; പ്രസന്ന, കർണാടക; രാമാനുജം, തമിഴ്‌നാട്) പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഏതാനും അവതരണങ്ങൾ ഉണ്ടായിട്ടുള്ളത്. പൂർണ്ണ രൂപത്തിലവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന സമയം ഏതാണ്ട് നാലര മണിക്കൂർ ആണത്രേ. അതുകൊണ്ടു തന്നെ ഇത് സംഗ്രഹിക്കുകയെന്നത് അവതരണത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നുമാത്രമല്ല, അതൊരു വെല്ലുവിളിയും കൂടിയാണ്. പരിഷത്ത് പോലൊരു പ്രസ്ഥാനത്തിന് ഈ നാടകമവതരിപ്പിക്കാൻ തീരുമാനിക്കുമ്പോൾ, അതിലൂടെ ജനങ്ങളിലെത്തേണ്ട സന്ദേശമെന്ത് എന്നത് അവഗണിക്കാനാവില്ലല്ലോ. ഇവിടെ രണ്ട് സാധ്യതകളുണ്ട്. ഒന്ന്, ഗലീലിയോയുടെ ശാസ്ത്രപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളടെ തെരഞ്ഞെടുപ്പിലൂടെ ഒരു ശുദ്ധ ശാസ്ത്ര നാടകം തയ്യാറാക്കാം. രണ്ട്, ഗലീലിയോയുടെ ജീവിതവും, ആ ജീവിതത്തെ തന്റെ ശാസ്ത്രപ്രവർത്തനം നേരിട്ട വെല്ലുവിളികൾ എങ്ങനെ ബാധിച്ചു എന്നതും ആഖ്യാനം ചെയ്യുന്ന ഒരു സാമൂഹ്യനാടകം തയ്യാറാക്കാം. ഗലീലിയോയുടെ ശാസ്ത്രം നേരിട്ട മുഖ്യ വെല്ലുവിളി മതാധിപത്യത്തിൽ നിന്നായിരുന്നു. മതം-പ്രത്യേകിച്ച് ക്രൈസ്തവമതം-പ്രതിനായകസ്ഥാനത്ത് നില്‍ക്കുന്ന ഒരു കലാരൂപം ഇന്നത്തെ കേരളത്തില്‍ സാധ്യമാകുമെന്ന് ഒരാൾക്കും തന്റേടത്തോടെ പറയാൻ കഴിയുകയില്ല. ആ നിലയ്ക്ക് ഒരു സാമൂഹ്യനാടകം എന്ന തരത്തിലേയ്ക്ക് മൂലകൃതിയുടെ പൊളിച്ചെഴുത്ത് നടത്തുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ തങ്ങളുടെ പുനരാഖ്യാനത്തിലൂടെ പരിഷത്ത് വളരെ ഫലപ്രദമായി ശാസ്ത്രവും - (അഥവാ പരിഷത്തിന്റെ ഭാഷയിൽ 'സമൂഹ മുന്നേറ്റത്തെ സഹായിക്കാൻ പോന്ന അറിവും') - വിശ്വാസവും തമ്മിലുള്ള സംഘർഷത്തിന്റെ ചിത്രം വരച്ചുകാണിച്ചിരിക്കുന്നു എന്നതാണ് പ്രശംസനീയമായ കാര്യം. നാടകത്തെ സംബന്ധിച്ചിടത്തോളം മതവിശ്വാസ- ശാസ്ത്രവിജ്ഞാന സംഘർഷത്തിൽ എന്താണ് പുറത്തേയ്ക്ക് സംപ്രേഷണം ചെയ്യേണ്ടത് എന്നതിൽ പരിഷത്തിന് യാതൊരുവിധ ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല; വളരെ വ്യക്തമാണത്, വളരെ ശക്തമാണതിന്റെ ആഖ്യാനവും.
ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ മൂലകൃതിയിൽ നിന്ന് നാടകാന്ത്യത്തെ ഒരുപാട് മാറ്റിയെടുത്തിട്ടുണ്ട് പരിഷത്ത്. ബ്രഹ്തിന്റെ ഗലീലിയോ താരതമ്യേന തളർന്ന ഒരു വ്യക്തിയാണ് നാടകാന്ത്യത്തിൽ. ശാരീരികമായ വൈഷമ്യങ്ങളും കുറ്റബോധവും നിരന്തരം വേട്ടയാടുന്ന ഒരു സാധാരണ മനുഷ്യൻ. തന്റെ കുറ്റസമ്മതത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനും മീതെയാണ് കുറ്റബോധം. മാത്രവുമല്ല, അങ്ങനെ ന്യായീകരിക്കുന്നത് ധാർമ്മികതയല്ലെന്നും അദ്ദേഹം ചിന്തിക്കുന്നുണ്ട്. എങ്കിലും ആത്യന്തിക വിലയിരുത്തലിൽ, കുറ്റസമ്മതം നടത്തി ജീവൻ ബാക്കി വച്ചത് മറ്റൊരു സുപ്രധാന ഗ്രന്ഥത്തിന്റെ രചനക്ക് നിമിത്തമായി എന്നതിനാൽ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അതൊരു നേട്ടമായി കാണുകയും വേണം..പരിഷത്തിന്റെ നാടകത്തിൽ ഈ ഭാഗങ്ങളെ കാതലായിത്തന്നെ അഴിച്ചുപണിയുന്നുണ്ട്. ഒന്നാമത്, വിചാരണരംഗത്തിൽ ഗലീലിയോ കുറ്റസമ്മതം സ്വമേധയാ നടത്തുന്നതായല്ല, അദ്ദേഹത്തെക്കൊണ്ട് ബലമായി നടത്തിക്കുന്നതായാണ് ചിത്രീകരണം. അതുകൊണ്ട് തന്നെ തന്റെ നിലപാടുകളിൽ നിന്ന് അദ്ദേഹം പുറകോട്ട് പോയതായി പറയാനാവില്ല: അദ്ദേഹം ധീരനായ ധിക്കാരിയായിത്തന്നെ നില്ക്കുന്നു. മാപ്പ് പറയിച്ചിട്ടും വിട്ടയച്ചില്ല, ശിക്ഷിച്ചു എന്ന് തുടർന്ന് ചിത്രീകരിക്കുന്നതിലൂടെ അദ്ദേഹം ചതിക്കപ്പെട്ടവന്റെ, മുറിവേല്പിക്കപ്പെട്ടവന്റെ, പരിവേഷത്തോടെ ഉയർന്നു നില്ക്കുകയും ചെയ്യുന്നു. ഈ രംഗത്ത് കുരിശിന്റെ പശ്ചാത്തലത്തിൽ ക്രൂശിതനായി യേശു നില്ക്കുന്ന ത്രിമാനദൃശ്യവും ടെലസ്‌കോപ്പിന്റെ പശ്ചാത്തലത്തിൽ ഗലീലിയോ നില്ക്കുന്ന ദൃശ്യവും, രണ്ട് സത്യാന്വേഷികൾ നേരിട്ട സമാനമായ വിധിവിപര്യയങ്ങളിലേയ്ക്ക് പ്രേക്ഷകന് ഉൾക്കാഴ്ച നല്കുകയും, ഒരു സത്യാന്വേഷിയുടെ കുരിശുമരണത്തിൽ നിന്ന് ഉടലെടുത്ത ആ മതം മറ്റൊരു സത്യാന്വേഷിയെ കുരിശിലേറ്റുന്നതിന്റെ വൈരുദ്ധ്യത്തിലേയ്ക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു.
ഈ രംഗം പരിഷത് ഏതാണ്ട് പൂർണ്ണമായും പുന:സൃഷ്ടിച്ചതാണ്. മൂലനാടകത്തിൽ കോടതിനടപടികൾ ചിത്രീകരിക്കപ്പെടുന്നില്ല. കോടതിനടപടികൾ ജനങ്ങളുടെ പ്രതികരണങ്ങളിലൂടെയാണ് ബ്രഹ്ത് ആവിഷ്‌കരിക്കുന്നതെങ്കിൽ ഇവിടെ ഒരേ രംഗത്ത് ഇരു തലങ്ങളിലായി കോടതിയും ജനക്കൂട്ടവും അവതരിപ്പിക്കപ്പെടുന്നു. ഈ കോടതിരംഗ നിർമ്മിതിയിലൂടെയാണ് വിശ്വാസത്തിനു മേൽശാസ്ത്രീയ വസ്തുതകളെ പരിഷത് പ്രതിഷ്ഠിക്കുന്നത്. യഥാർത്ഥത്തിൽ ചരിത്രത്തിൽ സംഭവിച്ച അതേ രൂപത്തിലാണ് ഈ വിചാരണരംഗം തയ്യാറാക്കിയിരിക്കുന്നത് എന്നും പറയാനാവില്ല. 1616-ൽ ഏർപ്പെടുത്തപ്പെട്ട വിലക്ക് ലംഘിച്ച് ഗ്രന്ഥമെഴുതിയെന്നതാണ് ഗലീലിയോയ്ക്ക് എതിരേ ആരോപിതമായ കുറ്റം എന്ന് ചരിത്രം. എന്നാൽ ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച ഗലീലിയോയുടെ നിലപാടുകളെയാണ് ശിക്ഷാർഹമായ കുറ്റമായി നാടകത്തിൽ പരിഷത് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതാണല്ലോ വാസ്തവത്തി ൽ സഭയുടെ കുറ്റാരോപണത്തിലന്തർഹിതമായിരിക്കുന്ന യഥാർത്ഥ കുറ്റം? വളരെയധികം സ്വപ്രത്യയദാർഢ്യത്തോടെയാണ്, ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച തന്റെ നിലപാടുകൾ ഈ രംഗത്ത് ഗലീലിയോ ഉറക്കെ പ്രഖ്യാപിക്കുന്നത്. വിചാരണയെ ആ രീതിയിലേയ്ക്ക് വഴി തിരിച്ച് വിട്ടുകൊണ്ടാണ് പുനരാഖ്യാതാക്കൾ നാടകത്തെ പരിഷത് കാഴ്ചപ്പാടുകൾ വ്യക്തമാക്കാനുള്ള വേദിയാക്കുന്നത്. എന്നാലതിനുപയോഗിച്ച സംഭാഷണങ്ങളൊന്നും കെട്ടിച്ചമച്ചതല്ല താനും. ഗലീലിയോ മറ്റ് പല സന്ദർഭങ്ങളിലും നടത്തിയിട്ടുള്ള പല പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ഈ രംഗത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നു. ഈ രംഗത്തിൽ 'പ്രപഞ്ചത്തിന്റെ ഭാഷ ഗണിതമാണ്……'എന്നു മുതല്ക്കാരംഭിക്കുന്ന ഗലീലിയോ വചനങ്ങളൊന്നും അദ്ദേഹം യഥാര്‍ത്ഥത്തിൽ വിചാരണവേളയിൽ പറഞ്ഞതല്ല. “സ്വർഗ്ഗരാജ്യം ഒരു സ്ഥലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” എന്ന വാക്യമാകട്ടേ, അദ്ദേഹം ഉച്ചരിച്ചതേയല്ല, പ്രത്യുത, പരിഷത്തിന്റേതോ നാടകപുനരാഖ്യാതാക്കളുടേതോ ആണ്. ഇത്തരം സന്ദർ ഭാനുസാരിയായ സംഭാഷണ ശകലങ്ങൾ ഇതര സന്ദർഭങ്ങളിൽ നിന്ന് പറിച്ച് നടുക വഴി, അനിവാര്യമായ ശിക്ഷയിലേക്ക് അറിഞ്ഞുകൊണ്ട് നീങ്ങുന്ന, അപ്പോഴും അതേച്ചൊല്ലി അധീരനാകാത്ത, ശിക്ഷ പ്രഖ്യാപിച്ച ശേഷവും “എന്റെ ലക്ഷ്യങ്ങൾ വേറെയാണ്” എന്ന ഭാവത്തിൽ നില്ക്കുന്ന, ഒരു ഉദാത്തനായക പരിവേഷത്തിലേക്ക് ഗലീലിയോയെ എത്തിക്കാൻ പരിഷത്തിന് കഴിഞ്ഞിരിക്കുന്നു. ഈ രംഗത്ത് പ്രകടിപ്പിക്കുന്ന ഉറച്ച അഭിപ്രായങ്ങളാണ് നാടകം നട്ടെല്ലുള്ള ഒരു ജൈവ സാന്നിധ്യമായി പ്രേക്ഷകന് അനുഭവപ്പെടാൻ ഇടയാക്കുന്നത്.
ഇതു പോലെ തന്നെയാണ് ഏതാണ്ട് മുഴുവനായിത്തന്നെ പുതുതായി സൃഷ്ടിക്കപ്പെട്ട വിചാരണപൂർവരംഗവും. സഭ എന്തു കൊണ്ട് ഗലീലിയോയ്‌ക്കെതിരെ നീങ്ങാൻ തീരുമാനമെടുത്തു എന്ന് വിശദമാക്കുകയാണ് ഈ രംഗം. പ്രതിനായകന് തന്റെ ന്യായങ്ൾ ഉന്നയിക്കാനുള്ള ഒരവസരം എന്ന് ഈ രംഗത്തെപ്പറ്റി പറയാം. സഭ അന്ന് എത്തി നിന്ന സവിശേഷമായ ചരിത്രഘട്ടം, അനുഭവിച്ച സമ്മർദ്ദങ്ങളും ആത്മസംഘ ർഷങ്ങളും ഒക്കെ ഇവിടെ വിശദീകരിക്കപ്പെടുന്നു; നിലപാടുകൾ ന്യായീകരിക്കപ്പെടുന്നു. അവർക്കും അവരുടേതായ ന്യായീകരണമുണ്ട്; അവർ കുറ്റവാളികളാണ് എന്ന് പറയരുതേ; അവർ നിർബന്ധിതരാവുകയായിരുന്നു എന്ന് വ്യക്തമാക്കുകയാണ് പരിഷത്. ബ്രഹ്തിന്റെ ഗ്രന്ഥത്തിലും പല രംഗങ്ങളിലും മതത്തിന്റെ ഭാഗത്ത് നിന്നുള്ള വാദങ്ങൾ അതിശക്തമാണ്. അവരുടെ ന്യായങ്ങൾ പൊതു സമൂഹത്തിന് ബോധ്യമാകുന്നോ എന്നതാണ് പ്രശ്‌നം. 'ശാസ്ത്രമൊക്കെ കൊള്ളാം; എന്നാലവ തിരുവചനങ്ങൾക്ക് കീഴ്‌പ്പെട്ടിരിക്കണം' എന്നതാണ് സഭയുടെ നിലപാടിന്റെ രത്‌നച്ചുരുക്കം. ഇത് ഈ രംഗത്തു മാത്രമല്ല, ഇതിനു മുൻപും ഇതിനു ശേഷവുമുള്ള രംഗങ്ങളിലും കൊണ്ടു വരുന്നുണ്ട്. ഗലീലിയോയിലൂടെയോ മറ്റേതെങ്കിലും കഥാപാത്രത്തിലൂടെയോ പരിഷത് ഇതിന് മറുപടി പറയുന്നില്ല. തങ്ങൾ മറുപടി പറയേണ്ടതില്ലെന്നും ഈ വിധി തീർപ്പിന്റെ സാധുത ജനങ്ങൾ സ്വയം വിലയിരുത്തട്ടെയെന്നുമാണ് പരിഷത് നിലപാട്. നേർക്ക് നേരേയുള്ള മറുപടിയും വിമ ർശനവുമല്ല, ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച നിലപാടുകൾ ഗലീലിയോയിലൂടെ ഉറക്കെ പറയുകയാണ് പരിഷത് സ്വീകരിച്ച തന്ത്രം. വിശ്വാസിയായി നിലനിന്നുകൊണ്ട് തന്നെ സഭയെ വെല്ലുവിളിക്കാൻ പരിഷത്തിന്റെ നാടകത്തിൽ ഗലീലിയോയ്ക്ക് ഏതായാലും കഴിയുന്നുണ്ട്. അവരുടെ ഈശ്വര വിശ്വാസത്തിലെ അശാസ്ത്രീയതയെ സ്വന്തം ഈശ്വര വിശ്വാസത്തിലെ ശാസ്ത്രീയത കൊണ്ടാണ് ഗലീലിയോ നേരിടുന്നത്. ഈശ്വരവിശ്വാസം ഒരു യാഥാർഥ്യമായ ഇന്ത്യൻ സാഹചര്യങ്ങളിൽ അതിനെ ഒരു ശാസ്ത്ര പ്രസ്ഥാനത്തിന് ഇങ്ങനെ നേരിടാവുന്നതാണ്. “നമുക്ക് ഇന്ദ്രിയങ്ങൾ തന്നനുഗ്രഹിച്ച ദൈവം അവയുടെ പ്രയോഗത്തെ ദൈവനിഷേധമായി കാണില്ല” എന്ന പ്രസിദ്ധമായ ഗലീലിയോവചനം കൂടി സംഭാഷണത്തിൽ ഉൾപ്പെടുത്താമായിരുന്നു. ഇന്ദ്രിയങ്ങളുടെ പ്രയോഗം പ്രപഞ്ചത്തെപ്പറ്റിയുള്ള നമ്മുടെ അറിവില്ലായ്മയ്ക്ക് അറുതി വരുത്താനാണ്; ശാസ്ത്രവും സാങ്കേതികവിദ്യയും ഇന്ദ്രിയങ്ങളുടെ ഒരു വിപുലീകരണവും അവയുടെ പരിമിതികളെ അതിജീവിക്കാനുതകുന്ന ഒരു ഉപാധിയും മാത്രവുമാണ്;. കണ്ണിന്റെ പരിമിതികളെ അതിജീവിക്കാനും കാഴ്ചശക്തിയെ വിപുലീകരിക്കാനും മാത്രമാണ് ഗലീലിയോ ടെലസ്‌കോപ്പ് ഉപയോഗിച്ചത്. എന്തിന്റെയെങ്കിലും സാന്നിധ്യം നിഷേധിക്കുകയെന്നതോ സ്ഥാപിക്കുകയെന്നതോ അതിന്റെ ലക്ഷ്യമല്ല, ഫലം മാത്രമാണ്
ഇതിവൃത്തപരമായും ദർശനപരമായും കരുത്തുറ്റ ഒരു നിർമ്മിതിയായിരുന്നു പരിഷത്തിന്റെ നാടകം. ദർശനത്തിന്റെ വ്യക്തതയും പക്വതയുമാണല്ലോ ഏതൊരു കലാസൃഷ്ടിയേയും കേവല വൈകാരികതയിൽ നിന്നും പൈങ്കിളിത്തത്തിൽ നിന്നും ഉയർത്തുന്നത്. ദർശനത്തിന്റെ ദാർഢ്യം എന്തെന്ന് ഒട്ടും വെള്ളം ചേർക്കാതെ, പതിവു ചേരുവകളൊന്നും കലർത്താതെ, ഇന്നത്തെ കേരളത്തിൽ ഈ വിഷയത്തിൽ മറ്റാരും ധൈര്യപ്പെടാത്ത വിധത്തിൽ, വ്യക്തമാക്കിക്കൊടുത്തു, ശാസ്ത്രസാഹിത്യ പരിഷത്. ഇതിനു കിട്ടിയ ജനകീയാംഗീകാരം നമ്മുടെ നാടകപ്രവർത്തകരുടെ കണ്ണ് തുറപ്പിക്കുമെന്ന് കരുതാം. അതേസമയം, ഇതിന്റെ ചുവടു പിടിച്ച് ഉടൻ കുറേ ജീവചരിത്രനാടകങ്ങൾ ഉണ്ടാവുകയല്ല അവരുടെ പ്രതിസന്ധിക്കു പരിഹാരം എന്നും അവർക്ക് ഓർക്കാവുന്നതാണ്.
ഉള്ളടക്കത്തെ അപേക്ഷിച്ച് ലളിതമായിരുന്നു അവതരണം. അധുനിക തലമുറ നാടകങ്ങളുടെ സങ്കീർണ്ണമായ രംഗപ്രയോഗങ്ങളൊന്നും അവതരണത്തിൽ സ്വീകരിച്ചു കണ്ടില്ല. പരിചിതമല്ലാത്ത കാലഘട്ടത്തേയും ദേശത്തേയും ആവാഹിക്കാൻ ഉചിതവും ആധികാരികവുമായ വേഷവിധാനം മാത്രമാണ് ഒരു പ്രത്യേകതയായി ഉണ്ടായിരുന്നത്. എന്നാൽ അവതരണത്തിന്റെ ലാളിത്യത്തെക്കാളുപരി ഇതിവൃത്തത്തിന്റെ ഗാംഭീര്യമാണ് ഈ നാടകത്തിന്റെ അരങ്ങ് വിജയത്തിന് കാരണം എന്നാണ് ഒരു പഠിതാവിന് അനുഭവപ്പെടുക. അഥവാ മറ്റ് വിധത്തിൽ പറഞ്ഞാൽ, നാടകപാഠത്തിന്റെ വിജയം. അർത്ഥപുഷ്ടമായ സംഭാഷണം ഉചിതമായ ഭാവ-ചലനാദികളോടെ ഉരുവിടലിനപ്പുറം, അതിനു ചേരുന്ന വിധത്തിലുള്ള നടീനടന്മാരുടെ നിലയെടുപ്പിനപ്പുറം, നാടകപാഠത്തെ പൊളിച്ചു നിർമ്മിച്ചതോ നാടകപാഠത്തെ കൂടുതൽ പൊലിപ്പിക്കുന്നതോ ആയ രംഗപാഠമൊന്നും സംവിധാകൻ (പ്രൊ.പി.ഗംഗാധരൻ) ഉപയോഗപ്പെടുത്തി കണ്ടില്ല. അതിനുള്ള സാധ്യതകള്‍ ആവോളം നല്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മേൽനോട്ടത്തില്‍ ഈ നാടകത്തിനു തയ്യാറാക്കിയ പുനരാഖ്യാനമെങ്കിലും, രംഗപ്രയോഗങ്ങളിൽ ആ സാധ്യതകളെ പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിനു കഴിയാതെ പോയി. അത് അദ്ദേഹത്തിന്റെ ശൈലിയുമല്ല. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകളിലെ തെരുവു നാടകങ്ങൾ പോലും നാടകപാഠത്തെ അതിശയിക്കുന്ന രംഗപാഠങ്ങൾക്ക് നിദർശനങ്ങളാണ്. അവയാകട്ടെ, ഒരു സംവിധായക പ്രതിഭയുടെ സംഭാവനയെന്നതിലേറെ പ്രായോഗികത മാത്രം കൈമുതലായുള്ള പരിഷത് പ്രവർത്തക കൂട്ടായ്മയുടെ ഉല്പന്നങ്ങളുമാണ്. അതേ കൂട്ടായ്മ ഈ നാടകപുനരാഖ്യാനത്തിനു പിന്നിലും പ്രവർത്തിച്ചിരുന്നതായി ഇതിന്റെ ഗ്രന്ഥരൂപത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അത്തരമൊരു കൂട്ടായ്മയുടെ സാധ്യതയെക്കാളുപരി ഏതാനും വ്യക്തികളെയാണ് സംവിധായകൻ രംഗാവിഷ്‌കരണത്തിൽ ഉപയോഗിച്ചതും സഹകരിപ്പിച്ചതും എന്ന് വ്യക്തം. രംഗപാഠം നാടകപാഠത്തെ പ്രതിഫലിപ്പിക്കുക മാത്രം ചെയ്തതിന് കാരണം അതാകാം. അത് ഓരോരുത്തരുടെയും ശൈലിയെന്ന് ഉള്‍ക്കൊള്ളാനാവുമെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ സജ്ജമാക്കുന്ന ഒരു കലാരൂപത്തെ സംബന്ധിച്ചിടത്തോളം, സംവിധായകന്റെ പരമാധികാരം അല്ലെങ്കിൽ സംവിധായകന്റെ ബൗദ്ധിക സ്വത്തവകാശം ഏതറ്റം വരെ എന്നത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. പ്രസ്ഥാനത്തിന്, തക്കസമയത്തുള്ള ഇടപെടലുകളിലൂടെ, തങ്ങള്‍ തയ്യാറാക്കിയ ഈ കരുത്തുറ്റ നാടകപാഠത്തിന് കുറേക്കൂടി ദൃശ്യപ്രധാനമായ ഒരു രംഗരൂപം നല്കാൻ സാധിക്കുമായിരുന്നു. മലയാളികളല്ലാത്ത ഒരു പ്രേക്ഷക സമൂഹത്തിന് ഈ നാടകം എപ്രകാരമാണ് ആസ്വാദനപ്രാപ്യമാവുക എന്നത് പരിഷത് ആലോചിക്കേണ്ട ഒരു കാര്യമാണ്. പരിഷത്തിന്റെ കലാജാഥാ കലാരൂപങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് അനായാസം പകർത്താനും ഇവിടെ ലഭിച്ച അതേ ജനപ്രീതിയോടെ അവിടങ്ങളിലും അവതരിപ്പിക്കാനും സാധിച്ചത് പരിഷത് ഓർക്കേണ്ടതായിരുന്നു. തങ്ങളുടെ അറിവും അനുഭവവും അതിന് അവരെ പ്രാപ്തരാക്കേണ്ടതായിരുന്നു. തൃശ്ശൂര് ഒരു അഖിലേന്ത്യാ സദസ്സിനു മുമ്പാകെ ഒരു അവതരണം നടത്താൻ കിട്ടിയ അവസരം, അത്തരമൊരു ആത്മ പരിശോധനയ്ക്ക് അവരെ പ്രേരിപ്പിച്ചിരിക്കും എന്നു കരുതട്ടെ.
വേണം ഒരു പുരുഷവിമോചനം: രണ്ടാമത്തെ നാടകം, ഇക്കഴിഞ്ഞ വനിതാ നാടക യാത്രയിൽ പരിഷത് അവതരിപ്പിച്ച ‘പെൺ പിറവി‘ ആണ്. മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ലോകം ആചരിക്കാൻ തുടങ്ങിയിട്ട് നൂറ് വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പരിഷത് ഇക്കൊല്ലം വനിതകളുടെ നാടകയാത്രയ്ക്ക് രൂപം കൊടുത്തത്. 1908 മാർച്ച് 8ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ തയ്യൽസൂചി നിർമാണ മേഖലയിലെ സ്ത്രീതൊഴിലാളികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ഐതിഹാസികമായ പ്രകടനത്തിന്റെയും സമരങ്ങളുടേയും ചരിത്രവും പാരമ്പര്യവും നിലനിർത്തുകയെന്ന ലക്ഷ്യമാണ്, പിൽക്കാലത്ത് 1910-ൽ, ആ ദിനം സാർവദേശീയ വനിതാദിനമായി പ്രഖ്യാപിക്കാൻ സാർവദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തിന് പ്രേരകമായത്. 1911 മുതൽക്കു തന്നെ സാർവദേശീയമായി മാർച്ച് 8 വനിതാദിനമായി ആചരിക്കപ്പെട്ടുവരികയും ചെയ്യുന്നു. പിന്നീടിങ്ങോട്ടുള്ള നൂറ് വർഷങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുള്ള മുന്നേറ്റത്തിന്റെ കാലഘട്ടം തന്നെയാണ്. നൂറ് വർഷം മുമ്പ് ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം എന്നത് പൊരുതി നേടേണ്ട ഒരു മുദ്രാവാക്യം മാത്രമായിരുന്നു, സ്ത്രീകൾക്കെങ്കിൽ ഇന്ന് അവർ അതേ രാഷ്ട്രങ്ങളുടെ ഭരണം തന്നെ കയ്യാളുന്നവരാണ്. കേരളത്തിലെ സ്ത്രീ സമൂഹവും നിർണ്ണായകമായ അനേകം നാഴികക്കല്ലുകൾ പിന്നിട്ട ഒരു കാലഘട്ടമായിരുന്നു ഇത്. ചരിത്രത്തിന്റെ പാതകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സ്ത്രീകൾ ഈ കാലഘട്ടത്തിൽ ഇവിടേയും ഉണ്ടായിട്ടുണ്ട്. നൂറ് കൊല്ലം കൊണ്ട് കേരളത്തിലെ സ്ത്രീകൾ എത്തിപ്പിടിച്ച നേട്ടങ്ങൾ നിരവധിയാണ്. ഇന്ന് പുരുഷന്മാർക്കൊപ്പം പൊതുജീവിതത്തിന്റെ പല മണ്ഡലങ്ങളിലും സ്ത്രീകൾ ഇവിടെ നിറസാന്നിധ്യമാണ്. തൊഴിൽ രംഗങ്ങളിൽ പലതിലും സ്ത്രീകളാണ് ഇവിടെ ഭൂരിപക്ഷം. കേരളത്തെ സംബന്ധിച്ചിടത്തോളം അടുക്കളയിൽ നിന്ന് അവർ പൂർണ്ണമായും അരങ്ങത്തെത്തിക്കഴിഞ്ഞുവെന്ന് നിസ്സംശയം പറയാം.
എന്നാൽ ഈ പുറംകാഴ്ചയിൽ കാണുന്നതുപോലെയാണോ യഥാർഥ കേരളീയ സ്ത്രീ ജീവിതം? കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാടകയാത്ര അന്വേഷിക്കുന്നതും അവതരിപ്പിക്കുവാൻ ശ്രമിക്കുന്നതും കേരള സ്ത്രീയുടെ ഈ സമകാലിക യാഥാർഥ്യമാണ്. തീർച്ചയായും ഇതിന്റെ ഉത്തരം നമുക്കൊക്കെ അറിയാം. പുറമേ എന്തൊക്കെ ഭാവിച്ചാലും, എത്ര മാത്രം പുരോഗമനാത്മകമെന്ന് മേനി നടിച്ചാലും, ഉള്ളിന്റെയുള്ളിൽ അങ്ങേയറ്റം യാഥാസ്ഥിതികമാണ് കേരള സമൂഹം. ഒരു പരിധിക്കപ്പുറമുള്ള ഒരു വഴിമാറ്റവും കേരളസമൂഹം വച്ചുപൊറുപ്പിക്കില്ല. സ്ത്രീകളുടെ കാര്യത്തിലും ഇതു തന്നെയാണ് അതിന്റെ കാഴ്ച്ചപ്പാട്. കുടുംബത്തിന്റെ താല്പര്യങ്ങളെക്കാൾ വലിയ ഒരു പൊതു താല്പര്യം ആർക്കും ഉണ്ടാകാൻ പാടില്ല. കുടുംബ താല്പര്യങ്ങൾക്ക് ന്യായീകരിക്കാൻ പറ്റുന്നതായിരിക്കണം പൊതുരംഗങ്ങളിലെ ഇടപെടലെന്ന് അത് സ്ത്രീകളെ മാത്രമല്ല പുരുഷന്മാരേയും നിഷ്കർഷിക്കുന്നുണ്ട്. (ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് നമ്മുടെ സിനിമകൾ; പൊതുരംഗത്ത് നായകൻ നടത്തുന്ന ഏത് ഇടപെടലും ഒരു കുടുംബ താല്പര്യത്താൽ ന്യായീകരിക്കപ്പെടണം എന്നത് അവിടുത്തെ അലിഖിത നിയമമാണ്; വ്യക്തിതാല്പര്യ പ്രേരിതമല്ലാത്ത നിസ്വാർത്ഥമായ പൊതുപ്രവർത്തനം അവിടെ വിലമതിക്കപ്പെടുന്നില്ല) കുടുംബത്തിന്റെ ഈ ആധിപത്യ സ്വഭാവം പൊതുരംഗങ്ങളിൽ താരതമ്യേന ആദരിക്കപ്പെടുന്ന വ്യക്തിത്വമുള്ള സ്ത്രീകൾ പോലും അനുഭവിക്കേണ്ടി വരുന്നു എന്നത് ഒരു സമകാലിക യാഥാർഥ്യമാണ്. പുറംലോകത്ത് ചൂഷണങ്ങൾക്കിരയാകുന്ന പുരുഷൻ കുടുംബമെന്ന തന്റെ സ്വകാര്യ സമൂഹത്തിൽ ചൂഷകനായി പെരുമാറുന്നു എന്നതുപോലെ തന്നെ, പുറംലോകത്ത് തീരുമാനങ്ങളെടുക്കുന്ന പദവികൾ പോലും കയ്യാളുന്ന സ്ത്രീകൾ കുടുംബത്തിനുള്ളിൽ ശബ്ദം നഷ്ടപ്പെട്ടവരായിതീരുന്നു എന്ന വൈരുദ്ധ്യമാണ് ഇവിടെ നിലനിൽക്കുന്ന യാഥാർഥ്യം. പരമ്പരാഗതമായും ചരിത്രപരമായും പുരുഷാധിപത്യപരമായ സമൂഹത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളൊന്നും ഭവിച്ചിട്ടില്ല. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാവണം, കോർപ്പറേറ്റ് മേഖലയിലും ചലച്ചിത്രമേഖലയിലും മറ്റും പ്രവർത്തിക്കുന്ന സ്ത്രീകളിൽ പലരും, അഥവാ തങ്ങളുടെ പ്രവർത്തനമേഖലകളിൽ സ്വയം നിർണ്ണയാധികാരം കയ്യാളാൻ കഴിഞ്ഞ സ്ത്രീകളിൽ പലരും, ഒരു പുരുഷന്റെ മേധാവിത്വത്തിൻ കീഴിൽ തങ്ങൾക്ക് ഒരു ജീവിതം വേണ്ട എന്ന തീരുമാനം എടുത്തതായി നമുക്ക് കാണാൻ കഴിയുന്നത്. അനാഥാലയങ്ങളിൽ നിന്ന് കുട്ടികളെ ദത്തെടുത്ത് വളർത്തി, തങ്ങളുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാക്കാൻ അവർ അതേസമയം തയ്യാറാവുകയും ചെയ്യുന്നു. പുരുഷന്റെ മേൽക്കോയ്മയില്ലാത്ത കുടുംബങ്ങൾ എന്നതാണ് ആധുനിക സ്ത്രീത്വത്തിന്റെ ലക്ഷ്യം. എന്തുകൊണ്ട്? തങ്ങളോളം വളരാത്ത മനസ്സുകൾക്കും, തങ്ങൾ പുറം ലോകത്ത് നേടിയെടുത്ത സമ്മതിക്കും വ്യക്തിത്വത്തിനും വിലകല്പിക്കാത്ത മനസ്സുകൾക്കും കീഴ്‌പെട്ട്, കുടുംബത്തിനുള്ളിൽ ത്യാഗോജ്വലമായി ജീവിക്കുന്നതിൽ, വീട്ടമ്മവൽക്കരിക്കപ്പെടുന്നതിൽ, അവർ അർത്ഥം കാണാത്തതുകൊണ്ട് തന്നെ. വീട്ടമ്മവൽക്കരണം, കുടുംബത്തിനുള്ളിലെ ജനാധിപത്യരാഹിത്യം എന്നീ വിഷയങ്ങളിലാണ് പരിഷത്ത് കലാജാഥ ഇത്തവണ ഊന്നുന്നത്. ഇതുവരെ ചോദിക്കാതെ ഉള്ളിൽ “നീറ്റി പോറ്റിയ” ചോദ്യങ്ങൾ, ഈ നാടകങ്ങളിലെ സ്ത്രീകൾ പുരുഷന്മാരുടെ മുഖത്തു നോക്കി ചോദിക്കുന്നു. സ്ത്രീകളെ സംബന്ധിച്ച് അവരും സമൂഹവും പരിപാലിച്ചുപോരുന്ന പ്രമാണങ്ങൾ തുറന്നുകാണിക്കപ്പെടുന്നു -ഒട്ടും വികാരപരമായിട്ടല്ല, പൈങ്കിളിവൽകൃതശൈലിയിൽ കണ്ണീരും കയ്യുമായിട്ടല്ല, തികച്ചും ബുദ്ധിപരമായി; വിശകലനപരമായി. ഉദാഹരണമായി പാചകത്തെ സംബന്ധിക്കുന്ന ഈ നിലപാടുകളുടെ പൊളിച്ചടുക്കൽ നാടകത്തിൽ എങ്ങനെ എന്നു നോക്കുക:
നിഷ: ഇന്നെനിക്കൊരു ചായ ഉണ്ടാക്കി തന്നൂടേ?
സൂരജ്: ശരിയാവില്ല
നിഷ:എന്താ ശരിയാവാതെ? അറിയാഞ്ഞാണെന്നു പറഞ്ഞാൽ ഞാൻ സമ്മതിച്ചുതരില്ല
സൂരജ്: അറിയാഞ്ഞിട്ടു തന്നെയാ. നീയെപ്പോഴും പറയാറുണ്ടല്ലോ, നിന്റെ അമ്മ നിന്നെ പന്ത്രണ്ട് വയസ്സുള്ളപ്പോൾ മുതലേ അടുക്കളയിൽ കൂടെ നിർത്തി ഓരോന്നും പഠിപ്പിക്കുമായിരുന്നു എന്ന്? എനിക്കങ്ങനെയൊരറിവും ഇല്ല, എക്സ്പീരിയൻസുമില്ല
നിഷ: നിങ്ങൾ കമ്പ്യൂട്ടർ പഠിച്ഛത് എന്നാണ്? ഡ്രൈവിംഗ് പഠിച്ചതോ? അതൊന്നും പന്ത്രണ്ട് വയസ്സുള്ളപ്പോൾ മുതല് നിങ്ങളുടെ അച്ഛൻ കൂടെ നിർത്തി പഠിപ്പിച്ചതല്ലല്ലോ?
ഈ ചോദ്യം ചെയ്യൽ, ഇത്തരത്തിൽ നിലപാടുകളുടെ നഗ്നതയെ നേർക്കുനേർ നിർത്തി നിരായുധമാക്കൽ നമ്മുടെ കുടുംബങ്ങളിൽ നടക്കാത്തതാണ്. നിലപാടുകളുടെ അശാസ്ത്രീയതയെ, അധാർമ്മികതയെ, അവയുടെ അടിത്തറയിൽ നിന്നാണ് എതിർക്കേണ്ടത്. പുഞ്ചിരിയിൽ പൊതിഞ്ഞ കുലീനമാം കള്ളങ്ങളെ പാലൂട്ടുവാൻ മാത്രമേ അപ്രകാരമല്ലാത്ത ഏതൊരു ഒത്തുതീർപ്പും സഹായിക്കുകയുള്ളു. പരിഷത്തിന്റെ ഈ തിരിച്ചറിവ് നാടകം വിളിച്ചോതുന്നു.
ഗർഭപാത്രത്തിൽ വളരുന്ന ഒരു പെൺകുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതാണ് അതിനെ കാത്തിരിക്കുന്ന പുറംലോകം. ആ ലോകത്തിന്റെ വിവിധ ദൃശ്യങ്ങൾ ഒരു പെൺഭ്രൂണത്തിന്റെ കാഴ്ച്ചപ്പാടിൽ അവതരിപ്പിച്ചുകൊണ്ടാണ് നാടകം മുന്നേറുന്നത്. ദൃശ്യവൽക്കരണത്തോടൊപ്പം പ്രശ്നങ്ങളുടെ കാര്യ കാരണങ്ങളുടെ ചർച്ചയും സമാന്തരധാരയായി ഒഴുകി നീങ്ങുന്നു. അതെ. ചർച്ചകൾക്കും വിശകലങ്ങൾക്കും നല്ല പ്രാധാന്യം നൽകുന്നു നാടകം. പരിഷത് നാടകം അങ്ങിനെയായല്ലേ മതിയാകൂ? നമ്മുടെ ജനസംഖ്യയിൽ ആറു വയസ്സിനു താഴെ പ്രായമുള്ള നവജാതരിൽ സ്ത്രീ പങ്കാളിത്തം കുറവാണ് എന്ന വസ്തുതയുമായി ബന്ധപ്പെടുത്തി, സമൂഹത്തിൽ സ്ത്രീകൾക്ക് ക്ഷാമം ഉണ്ടായാൽ അത് ഇപ്പോഴവർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ആക്കം കൂട്ടുമോ കുറക്കുമോ എന്ന ചർച്ച ഇത്തരത്തിലൊന്നാണ്. മനോഭാവം കൊണ്ട് പുരുഷാധിപത്യപരമായ സമൂഹം ഇപ്പോൾ സ്ത്രീകൾക്ക് എന്തായിരിക്കുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കി നോക്കിയാൽ, അംഗസംഖ്യ കൊണ്ടും പുരുഷാധിപത്യപരമാകുന്ന ഒരു സമൂഹം എന്തൊക്കെ ഭയജനകമായ അനുഭവങ്ങളാണ് സ്ത്രീകൾക്കായി കാത്തുവച്ചിരിക്കുന്നത് എന്നത് ആലോചനാതീതമാണ്. നാടകം ഇതിലേയ്ക്ക് പ്രവചനപരമായി വിരൽ ചൂണ്ടുന്നു. നമ്മുടെ സമൂഹം ഓരോ രംഗങ്ങളിലും കയ്യാളുന്ന വിവിധ സമീപനങ്ങൾ നമ്മുടെ ഭാവിയിൽ ഏതെല്ലാം ഭവിഷ്യത്തുകളാണ് സംഭവിപ്പിക്കുക എന്ന് ശാസ്ത്രീയമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞുതരാറുള്ള പരിഷത്തിന്റെ മറ്റൊരു പ്രവചനമായി ഇതിനെ നിരീക്ഷിക്കുന്നതിൽ തെറ്റില്ല.
വരുമാനദായകമെന്നതിനാലോ, വെറുതെ വീട്ടിൽ കുത്തിയിരുന്ന് മുഷിഞ്ഞാൽ അത് തനിക്ക് സ്വൈരക്കേടുണ്ടാക്കുന്ന പ്രതികരണങ്ങളായി ഭവിക്കുമന്ന് ആശങ്കപ്പെടുന്നതിനാലോ, സ്ത്രീകളുടെ തൊഴിലാളി/ഉദ്യോഗസ്ഥ സത്വത്തിന് ഇക്കാലം പുരുഷ പിന്തുണ ഏറെക്കുറെ ലഭ്യമാണ്. അഥവാ, കുറഞ്ഞ പക്ഷം അതിന് തടസ്സമാകാതെ നിൽക്കുകയെങ്കിലും ചെയ്യുന്നുണ്ട്. എന്നാൽ ഒരു വ്യക്തി എന്ന നിലയിലല്ല, തനിക്ക് നിയന്ത്രണാധികാരമുള്ള തന്റെ ഭാര്യ എന്ന നിലയിലാവും കുടുംബത്തിലവൾ കൈകാര്യം ചെയ്യപ്പെടുക. തീർച്ചയായും ഭർതൃ പിന്തുണ അവൾക്കുണ്ട് - എന്നാൽ അത് തൊഴിലിൽ ഏർപ്പെടുന്ന കാര്യത്തിൽ മാത്രമാണ്. അവളുടെ തൊഴിൽ വിജയത്തിന് അത് ഒരു കാരണം ആകുന്നുണ്ടാവാം. നാടകത്തിലെ മുഖ്യ കഥാപാത്രമായ നിഷ ഇത്തരം സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നു. പുറമേ കാണുന്നതല്ല ഉള്ളിൽ എന്ന യാഥാർത്ഥ്യം ഇവിടെ പരസ്യമാക്കപ്പെടുന്നു. ഏന്നാൽ കേവലം അവസ്ഥാചിത്രീകരണത്തിനല്ല, വസ്തുതകളെ നിഷ്കരുണം, പുച്ഛഭാവത്തിൽ തുറന്നു കാണിക്കുന്ന സ്ത്രീ വ്യക്തിത്വത്തിനാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. പുരുഷ പ്രത്യയശാസ്ത്രത്തിന്റെ വിജൃംഭണങ്ങൾ ഇവിടെ അപഹാസ്യമാവുന്നു. ഗർഭത്തിലുള്ള കുഞ്ഞ് സ്വന്തം കുടുംബം പോലും ഒട്ടും സ്ത്രീ സൌഹൃദപരമല്ല എന്ന് തിരിച്ചറിയുന്ന ഒരു രംഗമാണിത്. ഇത് ഒരു നാടകകൃത്തിന്റെ ഭാവന മാത്രമാണ് എന്നും ഗർഭസ്ഥ ശിശുക്കൾക്ക് ഇത്തരം കഴിവുകൾ ഒന്നും ഇല്ല എന്നും നമുക്ക് ആശ്വാസം കൊള്ളാം. മറിച്ചായിരുന്നെങ്കിൽ ഈ നാടകത്തിൽ ചിത്രീകരിക്കുന്നതു പോലെ ആ കുഞ്ഞുങ്ങൾ ഒന്നടങ്കം, ഇവിടെ പെണ്ണായി പിറക്കാൻ മനസ്സില്ല എന്നു തന്നെ അവരവരുടെ മാതാപിതാക്കളോടും നാടിന്റെ അധികാരികളോടും പറയുമായിരുന്നു. ഈ തിരിച്ചറിവിലേയ്ക്ക് ഏതൊരു പുരുഷനേയും നടുക്കിയുണർത്താൻ പര്യാപ്തമാകുന്നുണ്ട്, നാടകം. പൊതുസ്ഥലങ്ങളിലെയും തൊഴിലിടങ്ങളിലേയും വിവേചനവും ശാരീരിക കയ്യേറ്റങ്ങളും, ഇളമ്പ്രായക്കാർ മുതൽ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങൾ, പുതിയ ആശയങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത, വ്യക്തിത്വം ഹനിക്കപ്പെട്ട് വെറും വീട്ടമ്മ എന്ന നിലയിൽ പാദസേവികമാരായി ജീവിതം ചുമ്മാ ജീവിച്ചു തീർക്കുക എന്ന വിപര്യയം ഇത്യാദി സന്ദർഭങ്ങളിലൂടെയാണ് നാടകം അതിന്റെ ദൌത്യം നിർവഹിക്കുന്നത്. മുൻവർഷം ഗലീലിയോ നാടകത്തിലെന്ന പോലെ ഇവിടെയും, നാടകീയതയുടെ കെട്ടുപാടു കളെ മറികടക്കുന്ന -പരിഷത് പോലൊരു പ്രസ്ഥാനം നാടകം പോലൊരു രംഗത്ത് ഇടപെടുമ്പോൾ സമൂഹം ന്യായമായും പ്രതീക്ഷിക്കുന്ന - അപഗ്രഥനാത്മകത, പ്രഗത്ഭമായിത്തന്നെ ഇവിടെ സാക്ഷാൽക്കരിച്ചിരിക്കുന്നു.
ഇക്കൊല്ലവും മൂന്ന് നാടകയാത്രകളാണ് ജനുവരി 7-31 കാലയളവിൽ പരിഷത് നടത്തിയത്. മലയാളത്തിലെ പ്രസിദ്ധരായ പല എഴുത്തുകാരുടേയും രചനകളെ ഉപജീവിച്ചുകൊണ്ടത്രേ നാടകരചന നടത്തിയിരിക്കുന്നത്. ഇതിന്റെ ഇതിവൃത്തം രൂപപ്പെടുത്തിയത് പരിഷത്തിന്റെ തന്നെ കൂട്ടായ്മയിലൂടെയാണെന്നു കാണുന്നു. കൂട്ടായ ചർച്ചകളിലൂടെ വിഷയനിർണ്ണയം നടത്തി, കഥാതന്തു മെനഞ്ഞെടുത്ത്, രംഗരൂപങ്ങൾ സൃഷ്ടിക്കുന്ന ഈ രീതി പരിഷത്തിനു പുത്തരിയല്ലല്ലോ. ഇത്തവണ സാഹിത്യകൃതികളെ ഉപയോഗപ്പെടുത്തുക കൂടി ചെയ്തപ്പോൾ ആകമാന സാഹിത്യമൂല്യം ഉയരുകയും ചെയ്തു.-നമ്മുടെ നാട്ടിലെ പതിവ് പ്രതികരണ നാടകവേദിക്ക് ഇല്ലാത്ത ഒരു മൂല്യം. അന്താരാഷ്ട്ര വനിതാദിനം ശതാബ്ദി കൊണ്ടാടുന്ന ഈ വേളയിലും സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹാരമില്ലാതെ പെരുകുകയാണ്. പ്രശ്നങ്ങൾക്ക് ഹേതുവായ വ്യവസ്ഥിതികളുടെ കോട്ടകൊത്തളങ്ങൾ ചുട്ടെരിക്കുകയാണ്, പുതിയൊരു വ്യവസ്ഥിതി പടുത്തുയർത്തുകയാണ്, ശാശ്വത പരിഹാരം. എന്നാൽ ബഹുമാനപ്പെട്ട പുരുഷസമൂഹം സ്ത്രീകളോടുള്ള മനുഷ്യവംശത്തോളം പഴകിയ വീക്ഷണങ്ങളിൽ നിന്ന് വിമോചിതരാവുക എന്നതാണ് പ്രധാന കാര്യം. അതിന് വ്യവസ്ഥിതിയുടെ കടപുഴകൽ വരെ സ്ത്രീകൾ കാത്തിരിക്കണോ, കടപുഴക്കിയെറിയും വരെ പുരുഷ സമൂഹം ആ വീക്ഷണങ്ങളുടെ മാറാലക്കെട്ടുകളിൽ തന്നെ കാലം മാറുന്നതറിയാത്ത , നിൽക്കുന്ന തറ പൊള്ളുന്നതറിയാത്ത, യാഥാസ്ഥിതികത്വത്തിൽ കുടികൊള്ളുമോ? ഈ ആത്മപരിശോധനയ്ക്ക് ഒരു അവസരം തരുന്നു, അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ശതാബ്ദിവർഷത്തിൽ കേരളീയ പുരുഷ സമൂഹത്തിന്, കേരള ശാസ്ത്രസാഹിത്യ പരിഷത്.
നാടകവിചാരങ്ങള്‍ സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു..ഗലീലിയോ കാണാന്‍ കാത്തിരുന്ന ദിവസം അവിചാരിതമായി വന്ന ചില അസൌകര്യങ്ങള്‍ നിമിത്തം അതിനു സാധിച്ചിരുന്നില്ല.
മറുപടിഇല്ലാതാക്കൂബ്ലോഗിന് എല്ലാ ഭാവുകങ്ങളും.
നാടക വിചാരം വളരെ ആഴത്തിൽ നാടകപഠനം നടത്തിയ ഒരു ആളിന്റെ എഴുത്തായിത്തന്നെ മനസിലാക്കുന്നു. പരിഷത്ത് അവതരിപ്പിച്ച രണ്ട് നാടകങ്ങളുടെയും അന്ത;സത്ത സാമൂഹ്യവിപ്ലവം തന്നെയാണ്.
മറുപടിഇല്ലാതാക്കൂബ്ലോഗിലൂടെ ഇനിയും കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു..
ആശംസകൾ
പെൺ പിറവി നാടകത്തെ പറ്റി
മറുപടിഇല്ലാതാക്കൂശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർക്ക്
അത്ര തൃപ്തിയില്ലത്രേ!
എല്ലാ നാടകങ്ങളും ഒരുപോലെയിരിക്കില്ല കൂട്ടരേ:
അതിന് വാശി പിടിയ്ക്കയുമരുത്;
കാണികളെ പറ്റിയും ആലോചിയ്ക്കണ്ടേ?
അവർ വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടാവില്ലേ?
പോരാ, പോരാ എന്ന ഈ കടും പിടുത്തം നല്ലതാണ്;
പക്ഷേ അതുകൊണ്ട്
ചെയ്തുവച്ച നല്ല പ്രവർത്തികളെ സ്വയം വിലകുറച്ചു കാണേണ്ടതുണ്ടോ?
അങ്ങനെ ചെയ്യുന്നത് ശാസ്ത്രീയമോ?